ഇന്ത്യന്‍ റെയില്‍വേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ റെയില്‍വേ |
|
---|---|
തലസ്ഥാനം | ന്യൂഡല്‍ഹി |
റെയില്‍വേ മന്ത്രി | ലാലു പ്രസാദ് യാദവ് |
നീളം | 63,140 കിലോമീറ്റര്‍ |
തുടക്കം | 1853 |
ഗേജ് | ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ്, നാരോ ഗേജ് |
വരുമാനം | ഇന്ത്യന്‍ രൂപ 467850 കോടി |
വെബ് സൈറ്റ് | http://www.indianrailways.gov.in |
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തീവണ്ടിക്കമ്പനിയാണ് ഇന്ത്യന്‍ റെയില്‍വേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതയാണ് ഇന്ത്യന്‍ റെയില്‍വേയുടേത് , ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഈ റെയില്‍പ്പാതയിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കമ്പനിയും കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യന്‍ റെയില്‍വേയുടെ കുത്തകയാണെന്നു പറയാം. 63,940 കിലോമീറ്ററോളം വരും ഈ തീവണ്ടിപ്പാതയുടെ നീളം.
ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853 ലാണ്.
ഉള്ളടക്കം |
[എഡിറ്റ്] ചരിത്രം
1844 ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് ഹാര്‍ഡിങ്ങ് (Lord Hardinge) ഇന്ത്യയില്‍ തീവണ്ടിഗതാഗതം സ്ഥാപിക്കാന്‍ സ്വകാര്യ സംരഭകരെ അനുവദിച്ചു. ഈ തീരുമാനത്തിന്റെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകര്‍ പണം മുടക്കാന്‍ തയ്യാറായി, ഇങ്ങനെയാണ് ഇന്ത്യയില്‍ തീവണ്ടിഗതാഗതം എന്ന ഒരുപുതിയ മേഖല ഉണ്ടായത്. 1851 ഡിസംബര്‍ 12 ആം തീയതിയാണ് ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിയത്, റൂര്‍ക്കിയിലേക്കുള്ള നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ വേണ്ടിയിരുന്നു ഇത്, ഒന്നര വര്‍ഷത്തിനു ശേഷം 1853 മാര്‍ച്ച് 16 ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. ബോറിബന്ദര്‍, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്, ഏകദേശം 34 കിലോമീറ്റര്‍ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുല്‍ത്താന്‍ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകള്‍.
സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിലുള്ള പുതിയ തീവണ്ടിക്കമ്പനികളെ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ആദ്യവര്‍ഷങ്ങളില്‍ വാര്‍ഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഭാവിയില്‍ കമ്പനിയുടെ ഉടമസ്ഥത സര്‍ക്കാരിനു കൈമാറണം, എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം സ്വകാര്യകമ്പനിയുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കുകയും ചെയ്യും എന്ന മറ്റൊരു നിബന്ധനകൂടി വച്ചു ബ്രിട്ടീഷ് സര്‍ക്കാര്. 1880 ആയപ്പോള്‍ ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ നീളം ഏകദേശം 14,500 കിലോമീറ്ററായി.
തുറമുഖപട്ടണങ്ങളായ ബോംബെ, മദ്രാസ്, കല്‍ക്കട്ട എന്നിവിടങ്ങളില്‍ നിന്നും അകത്തേക്ക് പടര്‍ന്നു കിടക്കുന്ന രീതിയിലായിരുന്നു അന്നത്തെ തീവണ്ടിപ്പാതയുടെ രൂപം. 1895 ആയപ്പോള്‍ ഇന്ത്യയില്‍ തീവണ്ടി എഞ്ചിനുകള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. തുടര്‍ന്നു ഇന്ത്യയില്‍ അന്ന് നിലനിന്നിരുന്ന ചെറുരാജ്യങ്ങള്‍ സ്വന്തമായി തീവണ്ടിപ്പാതകള്‍ നിര്‍മ്മിക്കുകയും അങ്ങനെ ഇപ്പോഴത്തെ അസം, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് തീവണ്ടിഗതാഗതം ഉണ്ടാവുകയും ചെയ്തു. 1901 ല്‍ റെയില്‍വേ ബോര്‍ഡ് നിലവില്‍ വന്നു പക്ഷെ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം വൈസ്രോയിയായിരുന്ന ലോര്‍ഡ് കര്‍സനു മാത്രമായിരുന്നു. വാണിജ്യവ്യവസായ വകുപ്പിനു കീഴിലായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ പ്രവര്‍ത്തനം. മൂന്ന് അംഗങ്ങളുണ്ടായിരുന്നു അന്നത്തെ റയില്‍വേ ബോര്‍ഡില്‍. 1907 ആയപ്പോള്‍ എല്ലാ തീവണ്ടിക്കമ്പനികളും സര്‍ക്കാര്‍ ഏറ്റെടുത്തു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരുടെ ഇന്ത്യക്ക് പുറത്തെ യുദ്ധ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കാന്‍ തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ തീവണ്ടിഗതാഗത മേഖല വളരെ ദയനീയസ്ഥിതിയിലായി. 1920 ല്‍ സര്‍ക്കാര്‍ തീവണ്ടി ഗതാഗതമേഖല ഏറ്റെടുക്കുകയും, റെയില്‍വേ വഴിയുള്ള വരുമാനത്തെ മറ്റു സര്‍ക്കാര്‍ വരുമാന മേഖലകളില്‍ നിന്നു വേര്‍പെടുത്തി ഒരു പ്രത്യേക മേഖലയാക്കുകയും ചെയ്തു. ഈ സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നു, ഇന്ത്യയില്‍ ഇതിനായി റെയില്‍വേ ബജറ്റ് ഉണ്ട്. രണ്ടാം ലോകമഹായുദ്ധം ഇന്ത്യല്‍ റെയില്‍വേയുടെ ഘടന തന്നെ മാറ്റിക്കളഞ്ഞുവെന്നു പറയാം. മിക്കവാറും എല്ലാ തീവണ്ടികളും മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് തിരിച്ചുവിടപ്പെട്ടു, തീവണ്ടി പണിപ്പുരകള്‍ ആയുധ പണിപ്പുരകളാക്കുകയും മറ്റുമുണ്ടായി അക്കാലത്ത്.
1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഏകദേശം 42 വ്യത്യസ്ത തീവണ്ടി ശൃംഖലകളുണ്ടായിരുന്നു ഇന്ത്യയില്‍. 1951 ല്‍ ഇവയെല്ലാം യോജിപ്പിച്ച് ഒറ്റ തീവണ്ടിഗതാഗത ശൃംഖലയാക്കുകയും, ‘ ഇന്ത്യന്‍ റെയില്‍വേ ’ എന്നു നാമകരണവും ചെയ്തു. ഇതോടൊപ്പം നിലവിലുള്ള തരംതിരിക്കല്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ റെയില്‍വേയെ പ്രത്യേക സോണുകള്‍ അഥവാ മേഖലകള്‍ ആക്കി തിരിക്കുവാനുള്ള തീരുമാനവും ഉണ്ടായി. 1952 ല്‍ ആറ് റെയില്‍വേ മേഖലകള്‍ നിലവില്‍ വന്നു. 1985 ആയപ്പോഴേക്കും ആവി എഞ്ചിനുകള്‍ പാടെ ഉപയോഗത്തിലില്ലാതായി, അതിനുപകരം ഡീസല്‍, ഇലക്ട്രിക്ക് എഞ്ചിനുകള്‍ ഉപയോഗിച്ചു തുടങ്ങി. 1995 ആയപ്പോല്‍ സീറ്റ് ഉറപ്പാക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കപ്പെട്ടു.
[എഡിറ്റ്] സേവനങ്ങള്‍
[എഡിറ്റ്] യാത്രാ സേവനങ്ങള്‍
ഇന്ത്യന്‍ റെയില്‍വെ വഴി 8,702 തീവണ്ടികളിലായി ഏകദേശം 5000 കോടി യാത്രക്കാര്‍, 27 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി (ഡല്‍ഹി, പോണ്ടിച്ചേരി, ചണ്ഡീഗഡ്), ഓരോവര്‍ഷവും യാത്ര ചെയ്യുന്നു. ഒരു സാധാരണ യാത്രാ തീവണ്ടിയില്‍ 18 കോച്ചുകളുണ്ടാവും(coach), ചില പ്രത്യേക തീവണ്ടികളില്‍ 24 കോച്ചുകളുണ്ടാവും. ഓരോ കോച്ചും 18 തൊട്ട് 72 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളും. യാത്രാ സൌകര്യവും ഘടനയും അനുസരിച്ച് കോച്ചുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് (സ്ല്ലീപ്പര്‍ ക്ലാസ്, ശീതീകരിച്ചവ എന്നിങ്ങനെ). കൂടുതല്‍ സൌകര്യമുള്ള കോച്ചുകളില്‍ യാത്രാനിരക്കും കൂടുതലായിരിക്കും. ഒരു സാധാരണ യാത്രാതീവണ്ടിയില്‍ മൂന്ന് തൊട്ട് അഞ്ച് വരെ ശീതീകരിച്ച കോച്ചുകളുണ്ടാവും.
[എഡിറ്റ്] നഗരപ്രാന്ത തീവണ്ടി സര്‍വീസുകള്‍
മിക്ക നഗരങ്ങളിലും നഗരപ്രാന്ത തീവണ്ടിസര്‍വീസുകള്‍ (Suburban Railway) നിലവിലുണ്ട്. നഗരത്തില്‍ സ്ഥിരം ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും വന്നു പോവുന്നവരാണ് ഈ സേവനത്തിന്റെ ഉപഭോക്താക്കള്‍. നഗരപ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്നവരും എന്നാല്‍ സ്ഥിരം നഗരത്തില്‍ വന്നു മടങ്ങേണ്ടിയവരുമായ അനേകം ആള്‍ക്കാരുണ്ട് ഇവര്‍ക്ക് വളരെ പ്രയോജനകരമാണ് നഗരപ്രാന്ത തീവണ്ടികളുടെ സേവനം. നഗരപ്രാന്ത തീവണ്ടികള്‍ ബോംബെ (ഇപ്പോള്‍ മുംബൈ), മദ്രാസ് (ഇപ്പോള്‍ ചെന്നൈ), കല്‍ക്കട്ട, ഡല്‍ഹി, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലുണ്ട്.
ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ ഇത്തരം തീവണ്ടികള്‍ക്ക് പ്രത്യേക പാതകളില്ല, ദീര്‍ഘദൂര തീവണ്ടികള്‍ ഓടുന്ന പാതകളിലൂടെ തന്നെ ഇവയും ഓടുന്നു. ന്യൂഡല്‍ഹി, ചെന്നൈ, കല്‍ക്കട്ട എന്നിവിടങ്ങളില്‍ നഗരപ്രാന്തതീവണ്ടികള്‍ക്കായി മെട്രോ തീവണ്ടി ശൃംഖലകളുണ്ട്, ന്യൂഡല്‍ഹി മെട്രോ, ചെന്നൈ എം.ടി.ആര്‍.എസ് (Chennai MTRS), കല്‍ക്കട്ട മെട്രോ എന്നിങ്ങനെ
[എഡിറ്റ്] ചരക്കു തീവണ്ടികള്‍
ചരക്കുതീവണ്ടി സര്‍വീസുകളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കു കൂടുതല്‍ ലാഭകരം. ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തിന്റെ 70 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. കാര്‍ഷിക ഉല്പന്നങ്ങള്‍, പാല്‍, പെട്രോളിയം ഉല്പന്നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി അനേകം സാധനങ്ങള്‍ തീവണ്ടി മാര്‍ഗ്ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നുണ്ട്.
[എഡിറ്റ്] തീവണ്ടി നിര്‍മ്മാണം
തങ്ങള്‍ക്കാവശ്യമുള്ള മിക്കവാറും ഘടകങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ സ്വന്തം നിര്‍മ്മാണശാലകളിലാണ് ഉണ്ടാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മ്മാണശാലകള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. താഴെപ്പറയുന്നവയാണ് ഇന്ത്യന്‍ റെയില്‍വേയുടെ
നിര്‍മ്മാണശാലകള്‍ -
- ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്സ് - ചിത്തരഞ്ജന്‍
- ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്സ് - വാരണാസി
- ഇന്റഗ്രല്‍ കോച്ച് ഫാക്ടറി - പേരാമ്പൂര്‍
- റെയില്‍ കോച്ച് ഫാക്ടറി - കപൂര്‍ത്തല
- റെയില്‍ വീല്‍ ഫാക്ടറി - യെലഹാങ്ക
- ഡീസല്‍ മോഡേണൈസേഷന്‍ വര്‍ക്സ് - പട്യാല
[എഡിറ്റ്] ഇന്ത്യന്‍ റെയില്‍വേയുടെ പ്രശ്നങ്ങള്‍
കൃത്യനിഷ്ഠതയില്ലായ്മയും വൃത്തിക്കുറവുമാണ് ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍, പല വിദേശരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷിതത്വവും തുലോം കുറവാണ്. തിരക്കാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന തലവേദന, അവധിസമയങ്ങളിലും, വാരാന്ത്യങ്ങളിലും തീവണ്ടികളില്‍ വന്‍ തിരക്കായിരിക്കും, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ആളുകളേയും വഹിച്ചുകൊണ്ടാവും വണ്ടികളുടെ യാത്ര. യാത്രാക്കൂലി നല്‍കാതെ യാത്രചെയ്യുന്നവരും കുറവല്ല.
[എഡിറ്റ്] ഇന്ത്യന്‍ റെയില്‍വേയുടെ ഘടന
ഇന്ത്യന്‍ റെയില്‍വേ ഇന്ത്യന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. റെയില്‍വേയ്ക്കു വേണ്ടി ഒരു പ്രത്യേക വകുപ്പു തന്നെയുണ്ട് സര്‍ക്കാരില്‍. റെയില്‍വേ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തലവന്‍ ശ്രീ ലാലുപ്രസാദ് യാദവാണ്. റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവിനെ സഹായിക്കാന്‍ രണ്ടു സഹമന്ത്രിമാരുമുണ്ട്, ശ്രീ ആര്‍. വേലുവും, ശ്രീ നരന്‍ഭായി ജെ. റാത്വയും. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ ഒരു റയില്‍വേ ബോര്‍ഡുണ്ട്. ആറ് അംഗങ്ങളും ഒരു ചെയര്‍മാനുമുണ്ട് റെയില്‍വേ ബോര്‍ഡിന് ആകെയുള്ള പതിനാറു റെയില്‍വേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറല്‍ മാനേജര്‍ വീതമുണ്ട്.
ഓരോ റയില്‍വേ മേഖലയും വീണ്ടും ചെറു ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ - ഡി.ആര്‍.എം (Divisional Railway Manager) എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാവും റയില്‍വേ മേഖലയുടെ ഈ ഡിവിഷനുകള്‍. ഓരോ ഡിവിഷനിലും എഞ്ചിനീയറിങ്ങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിഗ്നല്‍, വാര്‍ത്താവിനിമയം, അക്കൌണ്ട്സ്, വാണിജ്യം, സുരക്ഷിതത്വം, എന്നിങ്ങനെ ഓരോ വിഭാഗങ്ങളുണ്ട്.
ഓരോ ഡിവിഷനിലും കുറെ സ്റ്റേഷനുകളുണ്ടാവും, സ്റ്റേഷന്‍ മാസ്റ്റര്‍ എന്ന ഉദ്യോഗസ്ഥനാണ് ഓരോ റെയില്‍വേ സ്റ്റേഷന്റെയും അധികാരി.
ഇതിനു പുറമേ ആറു നിര്‍മ്മാണശാലകളുണ്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക്, ഒരോന്നിനും തലവനായി ഓരോ ജനറല്‍ മാനേജരുണ്ടാവും. താഴെപ്പറയുന്നവയാണ് നിര്‍മ്മാണശാലകള്‍ -
- ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്സ് - ചിത്തരഞ്ജന്‍
- ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്സ് - വാരണാസി
- ഇന്റഗ്രല്‍ കോച്ച് ഫാക്ടറി - പേരാമ്പൂര്‍
- റെയില്‍ കോച്ച് ഫാക്ടറി - കപൂര്‍ത്തല
- റെയില്‍ വീല്‍ ഫാക്ടറി - യെലഹാങ്ക
- ഡീസല്‍ മോഡേണൈസേഷന്‍ വര്‍ക്സ് - പട്യാല
ഇനിയുള്ളത് സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ - കോര്‍ (Central Organization for Railway Electrification - CORE) ആണ്. ഒരു ജനറല്‍ മാനേജരുടെ കീഴിലാണ് കോര്‍ പ്രവര്‍ത്തിക്കുന്നത്. അലഹബാദ് ആണ് കോറിന്റെ ആസ്ഥാനം. ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതീകരണമാണ് ഈ വിഭാഗത്തിന്റെ ജോലി
ഇവയ്ക്കൊക്കെ പുറമെ റെയില്‍വേ മന്ത്രാലയത്തിന്റെ കീഴില്‍ നിരവധി പൊതുമേഖലാ സംരംഭങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.
- ഇന്ത്യന്‍ റെയില്‍വേയ്‌സ് കേറ്ററിങ്ങ് ആന്‍ഡ് റ്റൂറിസം കോര്‍പ്പറേഷന്‍
- കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍
- ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍
- റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (റെയില്‍വേ വാര്‍ത്താവിനിമയ ശൃംഖല)
- ആര്‍.ഐ.റ്റി.ഇ.എസ് ലിമിറ്റഡ് (RITES Ltd.)
- ഐ.ആര്‍.സി.ഒ.എന്‍ (IRCON) ലിമിറ്റഡ് (നിര്‍മ്മാണ വിഭാഗം)
- റെയില്‍ വികാസ് നിഗം ലിമിറ്റഡ്
[എഡിറ്റ്] റെയില്‍വേ മേഖലകള്‍
കാര്യനിര്‍വഹണത്തിനു വേണ്ടി ഇന്ത്യന്‍ റെയില്‍വേയെ 16 മേഖലകളായി തിരിച്ചിട്ടുണ്ട്
ക്രമ നം. | പേര് | ചുരുക്കം | തലസ്ഥാനം | ആരംഭം |
---|---|---|---|---|
1. | നോര്‍ത്തേണ്‍ റയില്‍വേ | എന്‍.ആര്‍ (NR) | ഡല്‍ഹി | ഏപ്രില്‍ 14, 1952 |
2. | നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ | എന്‍.ഇ.ആര്‍ (NER) | ഗോരഖ്‌പൂര്‍ | 1952 |
3. | നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ | എന്‍.എഫ്.ആര്‍ (NFR) | ഗുവാഹട്ടി | 1958 |
4. | ഈസ്റ്റേണ്‍ റെയില്‍വേ | ഇ.ആര്‍ (ER) | കല്‍ക്കത്ത | |
5. | സൌത്ത് ഈസ്റ്റേണ്‍ റെയില്‍വേ | എസ്.ഇ.ആര്‍ (SER) | കല്‍ക്കത്ത | |
6. | സൌത്ത് സെന്‍ട്രല്‍ റെയില്‍വേ | എസ്.സി.ആര്‍ (SCR) | സെക്കന്തരാബാദ് | ഒക്ടോബര്‍ 2, 1966 |
7. | സതേണ്‍ റെയില്‍വേ | എസ്.ആര്‍ (SR) | ചെന്നൈ | ഏപ്രില്‍ 14, 1951 |
8. | സെന്‍ട്രല്‍ റെയില്‍വേ | സി.ആര്‍ (CR) | മുംബൈ | നവംബര്‍ 5, 1951 |
9. | വെസ്റ്റേണ്‍ റെയില്‍വേ | ഡബ്ല്യു.ആര്‍ (WR) | മുംബൈ | നവംബര്‍ 5, 1951 |
10. | സൌത്ത് വെസ്റ്റേണ്‍ റെയില്‍വേ | എസ്.ഡബ്ല്യു.ആര്‍ (SWR) | ഹൂബ്ലി | |
11. | നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ | എന്‍.ഡബ്ല്യു.ആര്‍ (NWR) | ജയ്‌പൂര്‍ | |
12. | വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ | ഡബ്ല്യു.സി.ആര്‍ (WCR) | ജബല്‍പ്പൂര്‍ | ഏപ്രില്‍ 2003 |
13. | നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ | എന്‍.സി.ആര്‍ (NCR) | അലഹബാദ് | |
14. | സൌത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ | എസ്.ഇ.സി.ആര്‍ (SECR) | ബിലാസ്‌പൂര്‍, ഛത്തീസ്‌ഗഡ് | |
15. | ഈസ്റ്റ് കോസ്റ്റ് റെയില്‍വേ | ഇ.സിഒ.ആര്‍ (ECoR) | ബുവനേശ്വര്‍ | |
16. | ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ | ഇ.സി.ആര്‍ (ECR) | ഹാജിപൂര്‍ | |
17. | കൊങ്കണ്‍ റെയില്‍വേ† | കെ.ആര്‍ (KR) | നാവി മുംബൈ |
†കൊങ്കണ്‍ റെയില്‍വെ ഒരു പ്രത്യേക വിഭാഗമായാണ് കണക്കാക്കപ്പെടുന്നത്. കൊങ്കണ്‍ റെയില്‍വേയുടെ തലസ്ഥാനം നാവി മുംബൈയിലുള്ള ബിലാപൂര്‍ സിബിഡി എന്ന സ്ഥലത്താണ്.
ഓരോ റെയില്‍വേ മേഖലയേയും ചെറു വിഭാഗങ്ങള്‍ അഥവാ റെയില്‍വേ ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ ആകെ 67 റെയില്‍വേ ഡിവിഷനുകളുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു
റെയില്‍വേ മേഖല | ഡിവിഷനുകള്‍ |
---|---|
നോര്‍ത്തേണ്‍ റെയില്‍വേ | ഡല്‍ഹി, അമ്പാല, ഫിറോസ്‌പൂര്‍, ലക്നൌ, മൊറാദാബാദ് |
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ | ഇസ്സത് നഗര്‍, ലക്നൌ, വാരണാസി |
നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ | അലിപൂര്‍ദുവാര്‍, കത്തീഹാര്‍, ലുംഡിംഗ്, രംഗിയ, തിന്‍സുകിയ |
ഈസ്റ്റേണ്‍ റെയില്‍വേ | ഹൌറ, സീല്‍ദാ, അസനോള്‍, മാല്‍ദ |
സൌത്ത് ഈസ്റ്റേണ്‍ റെയില്‍വേ | ആദ്ര, ചക്രധാര്‍പൂര്‍, ഖരഗ്‌പൂര്‍, റാഞ്ചി |
സൌത്ത് സെന്‍ട്രല്‍ റെയില്‍വേ | സെക്കന്തരാബാദ്, ഹൈദരാബാദ്, ഗുണ്ടക്കല്‍, ഗുണ്ടൂര്‍, നാന്ദേട്, വിജയവാഡ |
സതേണ്‍ റെയില്‍വേ | ചെന്നൈ, മധുര, പാലക്കാട്, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം |
സെന്‍ട്രല്‍ റെയില്‍വേ | മുംബൈ, ഭുസാവാള്‍, നാഗ്‌പൂര്‍, പൂനെ, സോലാപൂര്‍ |
വെസ്റ്റേണ്‍ റെയില്‍വേ | മുംബൈ, വദോദര, റത്ലം, അഹമ്മദാബാദ്, രാജ്‌കോട്ട്, ഭാവ്‌നഗര്‍ |
സൌത്ത് വെസ്റ്റേണ്‍ റെയില്‍വേ | ഹൂബ്ലി, ബാംഗ്ലൂര്‍, മൈസൂര്‍ |
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ | ജയ്‌പ്പൂര്‍, അജ്മീര്‍, ബിക്കാനീര്‍, ജോധ്പൂര്‍ |
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ | ജബല്‍പൂര്‍, ഭോപ്പാല്‍, കോട്ട |
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ | അലഹബാദ്, ആഗ്ര, ഝാന്‍സി |
സൌത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ | ബിലാസ്‌പൂര്‍, റായിപ്പൂര്‍, നാഗ്‌പൂര്‍ |
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ | ഖുര്‍ദാ റോഡ്, സമ്പാല്‍പൂര്‍, വിശാഖപട്ടണം |
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ | ദാനാപൂര്‍, ധന്‍ബാദ്, മുഗള്‍സരായി, സമസ്തിപൂര്‍, സോന്‍പൂര്‍ |
[എഡിറ്റ്] മറ്റ് വിവരങ്ങള്‍
- ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ് സൈറ്റ്
- റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
- ഇന്ത്യയിലെ റെയില്‍വേ ഭൂപടം
Categories: ഉള്ളടക്കം | ഇന്ത്യ | ഗതാഗതം